Monday, September 17, 2007

വെള്ളം ചേര്‍ക്കാതെ....

പതിവുപോലെതന്നെ അതിരാവിലേ പതിനൊന്ന് മണിക്ക്‌ ഞാന്‍ കണ്ണ്‌ തുറന്നു.
തുറന്ന് കണ്ണ്‌ പൂട്ടിയടച്ച്‌ പിന്നേം ഞാന്‍ കേറി ചുരുണ്ടു.
പക്ഷേ അങ്ങനെ ചുരുണ്ട്‌ കഴിഞ്ഞപ്പോഴാണ്‌ എനിക്ക്‌ പെട്ടെന്ന് വെളിപാടുണ്ടായത്‌.

എന്തോ എവിടെയോ കുറവുണ്ട്‌.അതായിരുന്നു വെളിപാട്‌.
ഞാന്‍ ചുരുണ്ടുകിടന്നുകൊണ്ട്‌ തന്നെ കൂലങ്കഷമായിട്ട്‌ ചിന്തിച്ചു.
പിന്നെ നേരേ കിടന്ന് കൊണ്ട്‌ മൂലങ്കഷമായിട്ട്‌ ചിന്തിച്ചു.
അതിനു ശേഷം എഴുന്നേറ്റിരുന്ന് വെറും കഷമായിട്ട്‌ ചിന്തിച്ചു.
അതിനു ശേഷം കിടന്ന് കൊണ്ട്‌ തന്നെ അംഗഭാഗങ്ങളൊക്കെ തപ്പി നോക്കി.ഒരു പ്രശ്നവുമില്ല.ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
പിന്ന് എവിടെയാണൊരു കുറവ്‌.
കാശാണോ കുറവ്‌.
ഏയ്‌....അതിനു ചാന്‍സില്ല.ആധാരം പണയം വച്ച്‌ ബ്ലേഡില്‍ നിന്ന് കാശെടുത്തിട്ട്‌ ഒന്നുരണ്ടുദിവസമേ ആയുള്ളൂ.

ഇനി ശമ്പളമാണോ കുറവ്‌.അതിന്‍ പണി തന്നെയില്ല.പിന്നെയാണ്‌ ശമ്പളം.
സ്മോളടിയില്‍ ഒരു കുറവ്‌ അടുത്തകാലത്തായിട്ട്‌ വരുത്തീട്ടില്ല.അപ്പോള്‍ അതുമല്ല.
ഇനി നല്ല ഇടിയുടെ കുറവാണോ.
ഹേയ്‌..അതാവാനും വഴിയില്ല.ചെറായി ഷാപ്പീന്ന് മെനക്ക്‌ രണ്ടെണ്ണം കിട്ടീട്ട്‌ മാസമൊന്ന് തികച്ചായില്ല.

ഇനി ബ്ലോഗായിട്ട്‌ ബന്ധപ്പെട്ട വല്ല കാര്യമാണോ.അവിടെയെന്തോന്ന് കുറവ്‌.അവിടെയിത്തിരി കൂടുതലാണെന്നാണ്‌ പരാതി.

കിട്ടി കിട്ടിപ്പോയീ....
ബ്ലോഗായിട്ട്‌ ബന്ധപ്പെട്ട ഒരു കാര്യത്തില്‍ തന്നെയാണ്‌ കുറവ്‌ അനുഭവപ്പെടുന്നത്‌.
ശരിക്ക്‌ പറഞ്ഞാല്‍ ഒരു ബ്ലോഗിന്റെ കുറവ്‌.
എന്ത്‌ ഇനീം ബ്ലോഗോ....എന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്‌.
അതേ കൂട്ടരേ...എനിക്കൊരു ബ്ലോഗ്‌ കൂടി വേണം.
ഒരു സംരംഭം...അല്ലേല്‍ ഒരു പ്രസ്ഥാനം തുടങ്ങീട്ട്‌ ഒരു കൊല്ലമെന്ന നാഴികകല്ല് പിന്നിടുമ്പോള്‍ എന്തെങ്കിലും ഒരു സമ്മാനം അതിന്റെ അനുഭവസ്ഥര്‍ക്ക്‌ അല്ലേല്‍ ഉപഭോക്താക്കള്‍ക്ക്‌ കൊടുക്കണ്ടേ.
ബാങ്കുകള്‍ ബ്രാഞ്ച്‌ തുടങ്ങുന്ന മാതിരി....തുണിക്കടകള്‍ വാര്‍ഷിക ഇളവ്‌ കൊടുക്കുന്ന മാതിരി ഇതാ എന്റെ വക നിങ്ങള്‍ക്കൊരു ഒന്നാം വാര്‍ഷിക സമ്മാനം.

ചിന്തിക്കുന്ന ബ്ലോഗ്‌.അഥവാ എന്റെ ചിന്തകള്‍ക്കൊരു ബ്ലോഗ്‌.

ഈ ബ്ലോഗ്‌ ബൂലോഗത്തെ ആസ്ഥാന ചിന്തകരായ വല്യമ്മായി-തറവാടി ദമ്പതികള്‍...
പാലിയത്ത്‌ ചിന്തകന്‍....
സു....
ചിന്താവിഷ്ടയായ സിയ[ചൂട്‌ കാലത്ത്‌ മാത്രം] എന്നിവര്‍ക്കൊരു വെല്ലുവിളിയാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

പട്ടിക്കും ഷൂസോ....സാന്റോസിനും ചിന്തയോ എന്ന് കളിയാക്കാന്‍ വരട്ടെ.
തമനുവിന്‌ പാട്ടുപാടാമെങ്കില്‍....
സുല്ലിന്‌ കാര്‍ട്ടൂണ്‍ വരക്കാമെങ്കില്‍....
ഇഞ്ചിക്ക്‌ കവിതയെഴുതാമെങ്കില്‍ എനിക്കും ചിന്തയാകാം.
[ചന്തയല്ല....അതിനി പ്രത്യേകിച്ച്‌ ആകാനൊന്നുമില്ല]

അപ്പോള്‍ അടുത്ത ദിവസം മുതല്‍ ഞാന്‍ എന്റെ ചിന്ത ആരംഭിക്കും.
കാത്തിരിക്കൂ.
ബ്ലോഗിന്റെ പേര്‌ ഓര്‍മ്മയില്‍ സൂക്ഷിക്കൂ.

'വെള്ളം ചേര്‍ക്കാതെ....'

14 comments:

sandoz said...

കൂട്ടരേ.....ഞാന്‍ ഒരു ബ്ലോഗ്‌ കൂടി തുടങ്ങി.വെറുതേ കിട്ടിയാല്‍ പന്നിപ്പടക്കവും തിന്നും എന്നു പറഞ്ഞ്‌ നടക്കുന്ന സൈസായ ഞാന്‍ വെറുതേ ബ്ലോഗ്‌ തുടങ്ങാന്‍ പറ്റിയാല്‍ ചുമ്മാ ഇരിക്കുവോ....

നോട്ട്‌:എല്ലാ ചിന്തകന്മാരുടെ ബ്ലോഗിനും കറുപ്പ്‌ നിറമാണ്‌....

Dinkan-ഡിങ്കന്‍ said...

കഴിഞ്ഞ ദിവസം എന്റെ കൈ നോക്കിയ പ്രൊഫ. ബാഹുലേയന്‍ പറഞ്ഞിരുന്നു “ഇത് കൊണ്ടൊന്നും ആയില്ല, കൂടിയ ആപത്തുകള്‍ വരാന്‍ ഇരിക്കുന്നതേ ഉള്ളൂ എന്ന്”. വല്ല ഷൂ‍മാക്കല്‍-ലെവിയുടേയും കൊച്ച്‌മോന്‍ വന്ന് ഡിങ്കവനത്തില്‍ വീഴും എന്നാണ് കരുതിയത്. എന്നാല്‍ അതില്‍ കൂടുതല്‍ അപകടം ഈ രീതിയില്‍ വരുമെന്ന് സ്വപ്നത്തില്‍ കൂടെ നിരീച്ചില്ല. എന്തായാലും നീ ഞങ്ങക്കിട്ട് തന്ന സമ്മാനം അല്ലെ, സ്വീകരിക്കാതിരിക്കുന്നില്ല.(ഓസിന് കിട്ട്യാല്‍ ആസിഡ് അല്ല പരാമര്‍ വരെ അടിക്കും)

ഠോ..ടെ..ഠേ..ട്ടൂം..ഠും...(മാലപ്പടക്കത്തിന് തീ കൊളുത്തിയിട്ട് ഇവിടെ നിന്ന് ഓടിപ്പോകുന്നു മച്ചാ)

ഓഫ്.ടൊ
കുറെ ദിവസം കാണാതായപ്പോള്‍ നീ നന്നായി എന്‍ കരുതി. എന്റെ പാഴ്ചിന്തകള്‍ (ഇനി ആ പേരില്‍ ഒരു ബ്ലോഗ് തുടങ്ങ്യാലോ?)
നീ ചിന്തിച്ച് ചിന്തിച്ച് ഒരു സോട്ട്രക്കീസ്, അല്ല. സ്സോസ്രട്ടീക്..ചേ... സോക്രട്ടീസ് ആയി മാറട്ടേ

sandoz said...

testing...testing...

അനംഗാരി said...

ലോകാവസാനം ആകുമ്പോള്‍ ദുഷ്ടന്മാര്‍ കൂട്ടത്തോടെ ബ്ലോഗ് വാഴും എന്നാണ് ബൈബിള്‍ വാക്യം.
സാന്റൊമാര്‍ നീണാള്‍ വീഴട്ടെ.അല്ല വാഴട്ടെ.

ഓ:ടോ:ബീന ആന്റണിക്ക് ഒരു അന്വേഷണം പറഞ്ഞേക്കണേ:)

ശ്രീ said...

സാന്റോസെ...
“പട്ടിക്കും ഷൂസോ....സാന്റോസിനും ചിന്തയോ?”
ഹിഹി...

നടക്കട്ടെ... നടക്കട്ടെ!

വെള്ളം ചേര്‍‌ക്കാതെ തന്നെ ഓരോന്നായി പോരട്ടേ
;)

KuttanMenon said...

സാന്‍ഡോസേ.. നടക്കട്ടെ..
ഗുണമില്ലെങ്കിലും ചെട്ട്യാരുടെ സാമ്പാറുപോലെ മണമെങ്കിലുമുണ്ടാവട്ടെ. :)

RR said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അപ്പോള്‍ചിന്തിക്കാന്‍ സ്വബോധം വേണമെന്നില്ലേ?

വെള്ളം ചേര്‍ക്കാത്ത ടൈം ഉറങ്ങി എഴുന്നേല്‍ക്കുന്ന ആ അല്പസമയമാണെന്നുള്ള ചിന്ത കലക്കി.

തക്കാളിപ്പെട്ടിക്കും ഗോദ്‌റ്രെജ് പൂട്ടോ!! ചിന്തയെപ്പറ്റിയല്ല.. സാന്‍ഡോയ്ക്കും അനോണിയെപ്പേടിയോ!!!!

കുഞ്ഞന്‍ said...

സാന്റോസ് ഭായി,

ഒന്നാം‌കൊല്ല ബ്ലോഗ് ആശംസകള്‍...

വെള്ളം ചേര്‍ക്കാതെ എന്നാ കിട്ടും? ഇപ്പൊ എല്ലാത്തിലും മായമല്ലേ... അപ്പോള്‍ സാന്റോസിന്റെ വെള്ളം ചേര്‍ക്കാത്ത ആ സാധനം വേഗം കൊണ്ടുവരു... ചിന്തകള്‍ ചിന്തകളെ നിങ്ങളില്ലാതിരുന്നെങ്കില്‍...
എല്ലാവിധ അനുഗ്രഹാശംസകള്‍..

പടിപ്പുര said...

ഡ്രൈ? ഓണ്‍ ദ റോക്ക്‌സ്? ;)

ദില്‍ബാസുരന്‍ said...

സാന്റോ,
ആ പറഞ്ഞത് കറക്ട്. ഏത്?
ഡ്രൈ അടിയ്ക്കൂ.. കൂമ്പ് വാട്ടൂ.. എന്നത്. :-) (കലക്കി)

ഓടോ: ചിന്തകള്‍ ഡെയ്ലി വരുമോ? ബീവറേജസ് അവധിയുള്ള ദിവസങ്ങളില്‍ ഈ ബ്ലോഗും അവധിയാണോ?

അനംഗാരി ചേട്ടാ, ബീനാ ആന്റണി.. ഹ ഹ ഹ ഹ

കൃഷ്‌ | krish said...

“വെള്ളം ചേര്‍ക്കാതെ.. കൂമ്പ് വാടിപ്പോകും“ ഇനിയെന്ത് വാടാനാ സാന്റോ, വാടേണ്ടതൊക്കെ വാടിയില്ലേ. വെള്ളം ചേര്‍ക്കാതെ അടിച്ച് ചിന്തിക്കുന്നതിനു മുന്‍പ്, കുഞ്ഞന്‍ പറഞ്ഞ പോലെ ‘വെള്ളം ചേര്‍ക്കാതെ എന്നാ കിട്ടും, എല്ലാറ്റിലും മായമല്ലേ’. മായം, മഹാമായത്തെക്കുറിച്ച് ഇവിടെ നോക്കൂ:
http://krish9.blogspot.com/2007/09/blog-post.html#links

::സിയ↔Ziya said...

സാഗദം ചിന്തക സുഹൃത്തേ...
പുകയുന്ന ബൂലോഗത്തെ ഒരു തുള്ളി വെള്ളം ചേര്‍ക്കാതെ ചിന്തിച്ച് തപിപ്പിച്ച് ആളിക്കത്തിക്കുമെന്നാണല്ലോ വാഗ്‌ദാനം...
വരിക, ആ പാരാദ വൃന്ദങ്ങളില്‍ ഞാന്‍ അഡ്‌വാന്‍സായി പ്രണമിക്കുന്നു...

ഒരു സ്നേഹിതന്‍ said...

വെള്ളം ചേര്‍ക്കാതെ എന്തെങ്കിലും കിട്ടാന്‍ ഈ സ്നേഹിതന്‍ ഒരുപാടായി കാത്തിരിക്കുന്നു, വെള്ളം ചേര്‍ക്കാതെ ഇയാളെന്റെ കൂമ്പ്‌ വാട്ടും.... ..
അവതരണം സൂപ്പര്‍... സൂപ്പര്‍....